തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ആരോപണ വിധേയനായ വിധി കര്‍ത്താവ് പിഎൻ ഷാജിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. . പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി.
കഴിഞ്ഞ ശനിയാഴ്‌ച തിരുവനന്തപുരത്ത് നടന്ന മാർഗംകളി മൽസരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മൽസരം റദ്ദാക്കി. കേരള സർവകലാശാല കലോൽസവത്തിൽ മൽസരഫലം അനുകൂലമാക്കുന്നതിന് സഹായം ആവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നതായി ഷാജിയുടെ കുടുംബം പറയുന്നു. ഷാജി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് സഹോദരൻ അനിൽ കുമാർ വ്യക്‌തമാക്കി. സംഭവത്തിൽ ഷാജി നിരപരാധിയാണെന്നും സഹോദരൻ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് 12 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും. മൽസരഫലം അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഒരു ടീമിന് കൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ, ഷാജി വഴങ്ങിയില്ല.സംഭവത്തിൽ താൻ നിരപരാധി ആണെന്നും ഷാജി പറഞ്ഞതായും വീട്ടിലേക്ക് തിരിച്ചെത്തിയ ഷാജി അസ്വസ്‌ഥനായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് ഷാജിയുടെ മരണം. കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മാർ ഇവാനിയോസ്കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ എസ്എഫ്ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തി.