തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു. ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി. മറ്റൊരു കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക. പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിൽ എത്തിയിരുന്നു.
തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.
ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.