പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിൽ ചേർന്നു. സ്പോര്‍ട്‌സ് കൗൺസിൽ മുൻ പ്രസിഡന്റായ പദ്‌മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാൻ കാരണമെന്നാണ് വിവരം. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത്.
തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് ഇന്നലെ ബിജെപി നേതൃത്വം അറിയിച്ചത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്.