ദുബൈയിൽ നോമ്പുതുറ സമയമറിയിച്ച് മുഴങ്ങുന്ന പരമ്പരാഗത പീരങ്കികൾ ഏഴിടങ്ങളിൽ മുഴങ്ങുമെന്ന് ദുബൈ പോലീസ് അറിയിച്ചു. എക്സ്പോ സിറ്റി ദുബൈ, ഡമാക് ഹിൽസ്, വിദ ക്രീക്ക് ഹാർബർ, ബുർജ് ഖലീഫ, മിർദിഫ് ഡൗൺടൗൺ, ഫെസ്റ്റിവൽ സിറ്റി, ഹത്ത ഗസ്റ്റ് ഹൗസ് എന്നീ ഏഴു സ്ഥലങ്ങളിലാണ് പീരങ്കികൾ സ്ഥാപിക്കുക. ഏറ്റവും പ്രധാനപ്പെട്ട പീരങ്കി എക്സ്പോ സിറ്റി ദുബൈയിലാണ് സ്ഥാപിക്കുകഎന്നും പോലീസ് അറിയിച്ചു.
മൊബൈൽ പീരങ്കി 13 നിശ്ചിത സ്ഥലങ്ങളിൽ രണ്ടു ദിവസം വീതമാണ് പ്രവർത്തിക്കുക. അൽ സത്വ ബിഗ് മസ്ജിദിൽ നിന്ന് പീരങ്കിയുടെ യാത്ര ആരംഭിക്കുമെന്നും ബുർജ് ഖലീഫ, നാദ് അൽ ഷെബ, അൽ ഗഫ് വാക്ക്, ഉമ്മു സുഖീം മജ്ലിസ്, സബീൽ പാർക്ക് എന്നിവിടങ്ങളിലൂടെയാവുമെന്നും പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അൽ ഗൈതി പറഞ്ഞു.
1960കളിൽ ഉപയോഗിച്ച രണ്ട് വിന്റേജ് ഫ്രഞ്ച് പീരങ്കി ഇത്തവണയും ഉപയോഗിക്കുന്നുണ്ട്. അറബ്, ഇസ്ലാമിക രീതിയനുസരിച്ച് പീരങ്കി പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക സംഘത്തെ ദുബൈ പൊലീസ് ഓരോ കേന്ദ്രങ്ങളിലും സംവിധാനിക്കും. മാസപ്പിറവി തെളിഞ്ഞാൽ രണ്ടു പ്രാവശ്യം പീരങ്കികൾ മുഴങ്ങും. പിന്നീട് ഓരോ ദിവസവും ഇഫ്താർ സമയത്തും ഈദുൽ ഫിത്ർ നിർണയിക്കപ്പെട്ടാലും പീരങ്കികൾ മുഴങ്ങും. പെരുന്നാൾ ദിവസം രാവിലെയും രണ്ടു തവണകളിലായി പീരങ്കി മുഴക്കാറുണ്ട്. റമദാൻ മാസപ്പിറവി കാണുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അധികൃതർ വെളിപ്പെടുത്തി.