പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ വിദേശകാര്യ മന്ത്രി, പഞ്ചാബ് പ്രവിശ്യാ മുൻ മുഖ്യമന്ത്രി എന്നിവരുൾപ്പെടെ നിരവധി വിഐപി പ്രതികൾ തടവിൽ കഴിയുന്ന ജയിലിലാണ് ഭീകരാക്രമണ ശ്രമം നടന്നത്. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിനു നേരെയാണ് ഭീകരാക്രമണ ശ്രമം. ആക്രമണത്തെ വിജയകരമായി നേരിട്ടതായും മൂന്ന് ഭീകരരെ കസ്റ്റഡിയിൽ എടുത്തതായും പാകിസ്താൻ പോലീസ് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളവരാണ് പിടിയിലായിരിക്കുന്ന ഭീകരർ. തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ശ്രമം പരാജയപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ്.
ജയിലിന്റെ ശേഷിയുടെ ഇരട്ടി തടവുകാർ താമസിക്കുന്നതിനാൽ അഡിയാല സെൻട്രൽ ജയിൽ സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഭീകരാക്രമണ ശ്രമവും ഉണ്ടായിരിക്കുന്നത്. ഓട്ടോമാറ്റിക് ആയുധങ്ങൾക്ക് പുറമെ ഹാൻഡ് ഗ്രനേഡുകൾ, ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐഇഡി), ജയിലിൻ്റെ ബ്ലൂ പ്രിൻ്റ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കൂടുതൽ അന്വേഷണത്തിനായി ഇവരെ അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ട് ഉണ്ട്.