പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ഉപയോഗിക്കാൻ തക്ക വിധം സ്പോർട്ട്സ് ആൻഡ് ഷൂട്ടിംഗ് ക്ലബ് നവീകരിച്ച് അജ്മാൻ പോലീസ്. ആധുനിക സൗകര്യങ്ങളോടെ സ്വിമ്മിംഗ്,ഫുട്ബോൾ,ഷൂട്ടിംഗ്,ബൗളിംഗ് പരിശീലന കേന്ദ്രങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. ഷൂട്ടിങ്, സ്പോർട്സ്, ജിം പരിശീലനത്തിന് വേണ്ടിയാണ് പ്രധാനമായും ക്ലബ്ബ് പ്രവർത്തിക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ മാതൃകയിലാണ് ഫുട്ബോൾ മൈതാനം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കേ ഈടാക്കൂവെന്ന് അജ്മാൻ പോലീസ് ഉപ മേധാവി കേണൽ ഗൈത്ത് അൽ കഅബി അറിയിച്ചു. ലാഭേച്ഛയില്ലാതെ പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ക്ലബ് പ്രവർത്തിക്കുന്നത് എന്ന് പോലീസ് ഉപ മേധാവി കൂട്ടിച്ചേർത്തു. കുറഞ്ഞ നിരക്കെ മാത്രമേ ഈടാക്കുന്നുള്ളൂ എന്നും വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും ഇവ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും ആധുനികമായ ഷൂട്ടിങ് ക്ലബ്ബാണ് ഒരുക്കിയിട്ടുള്ളത്. ഉയർന്ന നിലവാരമുള്ള പരിശീലകരുടെ സഹായത്തോടെ ഫുട്‍ബോൾ, നീന്തൽ എന്നിവയിലും പരിശീലനം നൽകും. ക്ലബ്ബ് അംഗത്വം, മാസ, വർഷാന്ത നിരക്കുകളിലും ലഭ്യമാകുമെന്നും ഗൈത്ത് അൽ കഅബി വ്യക്തമാക്കി.
ഏറെ സവിശേഷതകൾ ഉള്ളതാണ് അജ്മാൻ പോലീസ് ക്ലബ്ബെന്ന് ആസ ഗ്രൂപ്പ് ചെയർമാൻ സി പി സാലിഹ് ചൂണ്ടിക്കാട്ടി. പുതിയ തലമുറക്ക് കായിക സൗകര്യം നന്നായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അജ്‌മാൻ പോലീസുമായി ചേർന്നു സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ ആസ നടത്താറുണ്ടെന്നും സി പി സാലിഹ് പറഞ്ഞു. ആസ ഗ്രൂപ്പുമായി ദീർഘകാലത്തെ സഹകരണമാണ് ഉള്ളതെന്ന് ബ്രിഗേഡിയർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. അജ്‌മാൻ പോലീസിന്റെ സാമൂഹിക വികസന സംരംഭങ്ങളുമായി സി പി സാലിഹ് ചേർന്നു നിൽക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരായ ഡോ.മുഹമ്മദ് അൽ സുവൈദി, അമീന ജുമാ അൽ ശംസി, നൂറ അൽ ശംസി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിവിധ വലുപ്പത്തിലുള്ള ഏറെ ആകർഷകങ്ങളായ പാർട്ടി ഹാളുകൾ, കോൺഫറൻസ് ഹാൾ എന്നിവയും ഇവിടെ ഉണ്ട് . കോർപറേറ്റ് യോഗങ്ങൾക്കും പാർട്ടികൾക്കും ഇവിടെ സൗകര്യമുണ്ട്.