ഉത്തര്‍പ്രദേശില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിതലവനുമായ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍പങ്കെടുക്കും. ഫെബ്രുവരി 25 ന് ആഗ്രയിലെത്തിയാണ് അഖിലേഷ് രാഹുലിനൊപ്പം ചേരുക. രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ക്കാന്‍ അഖിലേഷിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് ക്ഷണിച്ചു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയും കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയയും അഖിലേഷിനെ ക്ഷണിക്കാന്‍ ലഖ്നൗവിലെ എസ്പി ആസ്ഥാനത്തെത്തി.
ഇരു നേതാക്കളും വിവിധ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ പൊതുവേദി പങ്കിടുന്നതിനാല്‍, അവരുടെ സഹകരണം മേഖലയിലെ വോട്ടര്‍മാരില്‍ ശക്തമായി പ്രതിധ്വനിക്കുമെന്നാണ് പ്രതീക്ഷ. ആഗ്രയിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം അഖിലേഷ് യാദവെത്തുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. തെഹ്റ ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യം കെട്ടിപ്പടുക്കുന്നതിനും പ്രതിപക്ഷ ശക്തികള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന് അടിവരയിടുന്നതാണ് ന്യായ് യാത്രയുമായി അണിനിരക്കാനുള്ള യാദവിന്റെ തീരുമാനം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യം നേരിട്ട ദയനീയ പരാജയത്തിന് ശേഷം തകര്‍ന്ന തിരഞ്ഞെടുപ്പ് സൗഹൃദം 2024ല്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ണായക നീക്കമാണിത്. യുപിയിൽ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഒന്നിച്ച് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 17 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് ധാരണ. ബാക്കി 63 സീറ്റുകള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്കും (എസ്പി) ഇന്ത്യാ മുന്നണിയുടെ മറ്റ് സഖ്യകക്ഷികള്‍ക്കും ആയിരിക്കും.
മൊറാദാബാദ് സീറ്റിനുള്ള ആവശ്യം കോണ്‍ഗ്രസ് ഉപേക്ഷിച്ച് പകരം സീതാപൂര്‍, ശ്രാവസ്തി, വാരണാസി എന്നിവ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങിയത്. നിലവിൽ അമേഠി, റായ്ബറേലി, പ്രയാഗ്രാജ്, വാരണാസി, മഹാരാജ്ഗഞ്ച്, ഡിയോറിയ, ബന്‍സ്ഗാവ്, സീതാപൂര്‍, അംറോഹ, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, ഝാന്‍സി, ബരാബങ്കി, ഫത്തേപൂര്‍ സിക്രി, സഹാറന്‍പൂര്‍, മഥുര എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും