ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ റിപ്പോര്‍ട്ട് നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. കേരള സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വി സി മോഹനന്‍ കുന്നുമ്മലിന്റെ നടപടി. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയാകുകയായിരുന്നുവെന്ന് വി സി ആരോപിക്കുന്നു. ഇത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രി അധ്യക്ഷയാവുകയായിരുന്നു. ചാന്‍സലറുടെ അസാന്നിധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രിയുടെ വാദമെന്നും വി സി വെളിപ്പെടുത്തി.
കേരള സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതായിരുന്നുവെന്നും വിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തില്‍ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിര്‍ത്ത് വി സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തുകയായിരുന്നു. യോഗത്തില്‍ ഉയര്‍ന്ന പേരുകള്‍ റിപ്പോര്‍ട്ടില്‍ വിസി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറിയെന്നും വിസി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മന്ത്രി അജണ്ട വായിച്ചപ്പോള്‍ തന്നെ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. അജണ്ട പ്രകാരം പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ഗവര്‍ണറുടെ പ്രതിനിധികളും എതിര്‍പ്പുമായി ഇടത് അംഗങ്ങളും ചേരിതിരിഞ്ഞതോടെ വാഗ്വാദം രൂക്ഷമായി. ഇതിന് പിന്നാലെയാണ് പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ല എന്ന പ്രമേയം ഇടത് അംഗം നസീബ് അവതരിപ്പിച്ചത്. പമേയം പാസ്സായി എന്ന് മന്ത്രിയും ഇല്ലെന്ന് വിസിയും പറഞ്ഞതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറുകയായിരുന്നു. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി അധ്യക്ഷത വഹിച്ചതും അജണ്ട വായിച്ചതും കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും വി സി വ്യക്തമാക്കി.
ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയില്‍ സെനറ്റ് യോഗം ചേര്‍ന്നത്. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്നായിരുന്നു ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ സര്‍വകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാന്‍ മൂന്നിലൊന്ന് അംഗബലം മതിയാകും.