വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന് ചികിത്സ വൈകിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആണ്
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അടുത്ത മാസം വയനാട്ടിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരിച്ച പോളിന്‍റെ വീട് സന്ദര്‍ശിക്കുന്നതിനായി നാളെ വയനാട്ടിലെത്തും. വന്യമൃഗ ആക്രമണം ഉണ്ടായ പ്രദേശവും ഗവർണ്ണർ സന്ദർശിക്കും. വയനാട് പുൽപ്പളളിയിൽ വനം വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധം
ശക്തമാവുന്നതിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനമായി. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും.
കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ വൈകിയതിനാൽ ജീവൻ രക്ഷിക്കാനായില്ല.
വയനാട് പുൽപ്പളളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകൾ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി.
പോളിന്‍റെ മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ, നാട്ടുകാര്‍ പോലീസിനെതിരെ കുപ്പിയെറിഞ്ഞും ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രതിഷേധിച്ചു. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി, നഷ്ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാർ അറിയിച്ചിട്ടുള്ളത്.