പാകിസ്ഥാനിലെ ഒന്നിലധികം ബൂത്തുകളിൽ റീപോളിംഗിന് ഉത്തരവ്. ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ-തെഹ്‌രീകെ-ഇ-ഇൻസാഫും മറ്റ് പാർട്ടികളും പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിട്ടത്. ഫെബ്രുവരി 15 നാണ് റീപോളിംഗ് . പത്തോളം സീറ്റുകളുടെ വോട്ടെണ്ണൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണയായി പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ശേഷം അന്നുതന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. അത് ഇത്തവണയും സംഭവിച്ചു. എന്നാൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്ന സാഹചര്യം അകാരണമായി വൈകുകയായിരുന്നു.
ഫെബ്രുവരി 8നാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ് വിജയം അവകാശപ്പെട്ടിരുന്നു . പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) കണക്കുകൾ പ്രകാരം 139 മണ്ഡലങ്ങളുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ 265 സീറ്റിൽ 133 സീറ്റും ഒരു പാർട്ടി നേടിയിരിക്കണം.
തിരഞ്ഞെടുപ്പിൽ വിജയിച്ചതായി പാകിസ്ഥാൻ മുസ്ലീം ലീഗ് -നവാസിൻ്റെ (PML-N)) മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ ജയിലിൽ കിടക്കുന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ്റെ വിജയപ്രസംഗം പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പുറത്തുവിട്ടു. വ്യാഴാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയം തങ്ങളുടെ പാർട്ടിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇമ്രാൻ ഖാൻ രംഗത്ത് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെയാണ് ഇമ്രാൻഖാൻ്റെ പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.