മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ രാവിലെ കേന്ദ്ര സർക്കാർ കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പ്രാഥമിക പരിശോധന നടത്തിയത്. CMRL ന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന പൂർത്തിയായി. SFIO ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങി. പരാതിയില്‍ അന്വേഷണം നടത്താന്‍ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി അറിയിക്കാതെ എത്തിയ അന്വേഷണസംഘം കമ്പനി ജീവനക്കാരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
അതേസമയം മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർത്തു.
എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്.