2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടിയുമായി ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തി. വര്‍ഷങ്ങളോളം അധികാരത്തിലിരുന്നതുപോലെ പതിറ്റാണ്ടുകള്‍ പ്രതിപക്ഷത്ത് തുടരുമെന്ന് അവര്‍ പ്രതിജ്ഞയെടുക്കുന്നതായി തോന്നുന്നു. ദീര്‍ഘകാലം പ്രതിപക്ഷത്ത് തുടരാനുള്ള പ്രതിപക്ഷത്തിന്റെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കുന്നു. പ്രതിപക്ഷത്തിന് കുറേക്കാലത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാൻ ജനം ആശീർവദിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷത്തെ പലർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോൺഗ്രസ് നഷ്ടമാക്കിയെന്നും മോദി വിമർശിച്ചു
കോണ്‍ഗ്രസ് ‘റദ്ദാക്കല്‍ സംസ്‌കാരത്തില്‍’ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കെതിരായ കോണ്‍ഗ്രസ് നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ‘കോണ്‍ഗ്രസ് ഒരു റദ്ദാക്കല്‍ സംസ്‌കാരത്തില്‍ കുടുങ്ങിയിരിക്കുന്നു. നമ്മള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് ക്യാന്‍സല്‍ ചെയ്യുന്നു. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ് ക്യാന്‍സല്‍ എന്ന് പറയുന്നു. ഞങ്ങള്‍ വന്ദേ ഭാരത് നിര്‍ദ്ദേശിക്കുമ്പോള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് വീണ്ടും പറയുന്നു,’ പ്രധാനമന്ത്രി നിലവിലെ ലോക്സഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ പറഞ്ഞു.
‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്കായി നിലവില്‍ ജാര്‍ഖണ്ഡില്‍ കഴിയുന്ന രാഹുല്‍ ഗാന്ധിയെയും മോദി കടന്നാക്രമിച്ചു. ഒരേ ഉല്‍പ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസിന്റെ കട അടച്ചുപൂട്ടലിന്റെ വക്കിലാണെന്നായിരുന്നു പരിഹാസം.
ന്യൂനപക്ഷങ്ങൾ എവിടെയെന്ന് ചോദ്യത്തോട് പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് മറുപടി പറഞ്ഞത്. സ്ത്രീകളിലും യുവാക്കളിലും കർഷകരിലും ന്യൂനപക്ഷങ്ങളില്ലേയെന്ന് മോദി ചോദിച്ചു. കോൺഗ്രസിലെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാനായില്ലെന്നും മോദി കുറ്റപ്പെടുത്തി. ഒരു കുടുംബത്തിലെ കൂടുതൽ പേർ രാഷ്ട്രീയത്തിലെത്തുന്നത് ദോഷമല്ല. എന്നാൽ കുടുംബം പാർട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജ്നാഥ് സിംഗിൻറെയും അമിത് ഷായുടെയും കുടുംബങ്ങൾ പാർട്ടി നടത്തുന്നില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു