ദുബൈ വിമാനത്താവളത്തിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പുനടത്തുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. സമൂഹ മാധ്യമങ്ങൾ വഴി യാത്രക്കാർ മറന്നുവെച്ച ലഗേജുകളിൽ ഒരു വർഷം പിന്നിട്ടവ ചെറിയ വിലക്ക് സ്വന്തമാക്കാൻ അവസരമെന്ന് പരസ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ ലഗേജ് വിൽപന പരസ്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വ്യാജ പ്രൊഫൈലുകളിൽ നിന്നു വരുന്ന സന്ദേശങ്ങൾ സ്വീകരിക്കരുതെന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി അറിയിച്ചു.
എയർപോർട്ട് വെയർഹൗസ് കാലിയാക്കുന്നതിന്റെ ഭാഗമായാണ് വിൽപനയെന്നാണ് പരസ്യത്തിൽ പറയുന്നത്. എട്ടു ദിർഹത്തിന് ഒരു ലഗേജ് സ്വന്തമാക്കാമെന്നാണ് തട്ടിപ്പ് പരസ്യത്തിൽ പറയുന്നത്. താൽപര്യമുള്ളവർ പോസ്റ്റിനൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ലഗേജുകൾ ഒരുമിച്ചു കൂട്ടിവെച്ച ഒരു ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.