കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനിൽക്കാതെ സഭയിൽ നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് മന്ത്രിയുടെ വിമർശനം. ഭേദഗതികളില്ലാതെയാണ് പ്രമേയം പാസ്സാക്കിയത്.
അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിയമസഭയിൽ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നൽകാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.
ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാണ് സതീശൻ മറുപടി നൽകിയെങ്കിലും റൂൾ 53 പ്രകാരം ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് അടിയന്തര പ്രമേയം തള്ളുകയായിരുന്നു. തുടർന്ന് അതിവേഗം മറ്റു നടപടികളിലേക്ക് സ്പീക്കർ കടന്നു. ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണപക്ഷ എംഎൽഎമാരും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധമുയർത്തി.