നിയമ സഭ സമ്മേളനം വെട്ടിചുരുക്കി. മാർച്ച് 27 വരെ ചേരാൻ തീരുമാനിച്ച നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാൻ യോഗം തീരുമാനിച്ചു. ഇതു പ്രകാരം ഫെബ്രുവരി 15ന് ബജറ്റ് സമ്മേളനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷ ആവശ്യം തള്ളി. ബജറ്റ് അഞ്ചാം തീയതി തന്നെ അവതരിപ്പിക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചു. ഫെബ്രുവരി 12 മുതൽ 15 വരെ ബജറ്റിന്മേൽ പൊതു ചർച്ചയും നടക്കും. കാര്യോപദേശക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് രൂക്ഷമായ തർക്കം നടന്നു.
ബജറ്റ് അവതരണ തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭ കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് നടന്നു. കോൺഗ്രസിന്‍റെ ‘സമരാഗ്നി ജാഥ’ നടത്തുന്നതിനാൽ സർക്കാർ സഹകരിക്കണമെന്ന് സിമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നും അമ്മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇമ്മാതിരി വർത്തമാനം എന്നോടും പറയേണ്ടെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. നിങ്ങൾ ഇഷ്ടം പോലെ ചെയ്യൂവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.