അയോദ്ധ്യ രാമക്ഷേത്രത്തിലെ ഭക്തജനതിരക്ക് കണക്കിലെടുത്ത് ദർശനം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. മാർച്ച് വരെ തിരക്ക് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സമയത്ത് ദർശനം ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. വിഐപികളുടെ സന്ദർശനം പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇത് തടയുന്നതിനായി കേന്ദ്ര മന്ത്രിമാർ മാർച്ചിൽ അയോദ്ധ്യ സന്ദർശനം ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വിഐപികൾ സന്ദർശനത്തിന് മുൻപ് സർക്കാർ ഉദ്യോഗസ്ഥരെയോ ക്ഷേത്ര ട്രസ്റ്റിനെയോ അറിയിക്കണമെന്ന് സർക്കാർ അറിയിച്ചു. അയോദ്ധ്യയിലെത്താൻ പദ്ധതിയിടുന്ന വിഐപികളും മറ്റ് വിശിഷ്ട വ്യക്തികളും ദർശനത്തിന് എത്തുന്നതിന് പത്ത് ദിവസം മുൻപ് അറിയിക്കണമെന്നും സർക്കാർ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര നഗരത്തിന്റെ അതിർത്തികൾ താത്കാലികമായി അടച്ചതായി അയോദ്ധ്യ ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഥലത്ത് സുരക്ഷയ്‌ക്കായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു. അയോദ്ധ്യയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുന്നതിനാൽ ഗതാഗതം വരെ റദ്ദാക്കേണ്ട സാഹചര്യമാണുള്ളത്. സ്ഥിതിഗതികൾ ലഘൂകരിക്കാൻ ശ്രമിക്കുന്നുവെന്ന് അയോദ്ധ്യ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു.
പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന് നൽകിയ ആദ്യം ദിനം തന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ദർശനം കാത്ത് പതിനായിരങ്ങൾ റോഡിലും ക്ഷേത്ര പരിസരത്തുമായി തടിച്ചുകൂടിയതായും റിപോർട്ടുകൾ ഉണ്ട്. അതേസമയം അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചതെന്ന് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചത്.