സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ച് ഗവര്‍ണര്‍. ഗവർണർ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചു. ഒരു മിനിറ്റ് 17 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ സഭ വിട്ടു. നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു. പിന്നാലെ സഭയിൽ നിന്ന് ഗവർണർ മടങ്ങുകയായിരുന്നു. തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാകും സഭ ചേരുക.
കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്റെ ജനങ്ങള്‍, എന്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. ഗവർണർ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് വായിച്ചത്.
സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.