റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 പേർക്ക് ദാരുണാന്ത്യം. 76 പേർ സഞ്ചരിച്ചിരുന്ന സൈനിക വിമാനമാണ് തകർന്നു വീണത്. റഷ്യ-യുക്രെയ്ൻ അതിർത്തി പ്രദേശത്താണ് അപകടം നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണെന്നാണ് വിവരം. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യ – യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ മാറ്റി പാർപ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടയത്.
വിമാനത്തിലുണ്ടായിരുന്ന 76 പേരിൽ 65 പേരും യുക്രെയ്ൻ സൈനികരായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. യുദ്ധസമയത്ത് നിരവധി യുക്രെയ്ൻ സൈനികരെ റഷ്യൻ സൈനികർ പിടികൂടിയിരുന്നു. ഇവരെ കൈമാറ്റ ഉടമ്പടി പ്രകാരം യുക്രെയ്ൻ ഭരണകൂടത്തിന് കൈമാറാൻ കൊണ്ടുപോകുമ്പോഴായിരുന്നു വിമാനം തകർന്നു വീണതെന്നാണ് റഷ്യ പറയുന്നത്. വിമാനത്തിലെ 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യൻ ഡിഫൻസ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചരക്കുനീക്കത്തിനും ആയുധങ്ങൾ കൊണ്ടു പോകുന്നതിനും സൈനികരെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന വിമാനമാണ് തകർന്നു വീണത്. അപകടം നടന്നതായി റഷ്യ സ്ഥിരീകരിച്ചെങ്കിലും തകർന്നു വീണ വിമാനത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന വിവരങ്ങളും മറ്റു വിവരങ്ങളും റഷ്യ പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രെയ്ൻ നടത്തിയ ആസൂത്രിത ആക്രമണമാണ് വിമാനം നിലംപതിക്കാൻ കാരണമെന്നും റഷ്യ ആരോപിക്കുന്നു