അനധികൃതമായി ഒരിഞ്ച് ഭൂമി പോലും കെെയേറിയിട്ടില്ലെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിൽ 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴൽനാടന്റെ പ്രതികരണം.
ആരിൽ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. പൂർവികരായി തങ്ങൾ കർഷകരാണ്. ഇതെല്ലാം അധ്വാനിച്ച് ഉണ്ടാക്കിയതാണ്. കർഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കരുത്. നിയമപരമായ ഏതു നടപടിയോടും സഹകരിക്കുമെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വാങ്ങിയ സ്ഥലം അളന്നു നോക്കിയിട്ടില്ല. വാങ്ങിയതിൽ കൂടുതലായി ഒന്നും അതിലേക്കു ചേർത്തിട്ടുമില്ല. സർക്കാരിന്റെ നിജസ്ഥിതി സർട്ടിഫിക്കറ്റടക്കം വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും കുഴൽനാടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു
‘വസ്തു വാങ്ങിയതിന് ശേഷം ഒരിഞ്ചു ഭൂമി പോലും അധികമായി കെെവശപ്പെടുത്തുകയോ മതിൽ കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ആ ഭൂമിക്ക് മതിലേ ഇല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതിൽ കെട്ടി എടുത്തെന്ന് പറയുന്നതെന്ന് അറിയില്ല. 50സെന്റ് അല്ല, 50ഏക്കർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും കടുക് മണിയോളം പിന്നോട്ടു പോകില്ല. ഇങ്ങനെ ഭീഷണിപ്പെടുത്തി മുതലിൽ കെെവച്ചാൽ പിന്നോട്ടു പോകുമെന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണ്. എത്ര തളർത്താൻ നോക്കിയാലും പിന്നോട്ടില്ല.’- കുഴൽനാടൻ പറഞ്ഞു.