സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമ്മപ്പെടുത്തുന്ന ദിനം. രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മയ്‌ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15-നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതൽ രാജ്യം ജനുവരി 15-ന് കരസേനാ ദിനമായി ആചരിക്കുന്നു. ഫീൽഡ് മാർഷൽ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരിൽ ഒരാളാണ് ജനറൽ കരിയപ്പ. 1947 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിനായി പ്രധാന പങ്ക് വഹിച്ചു ജനറൽ കരിയപ്പ. കർണാടക സ്വദേശിയായ ജനറൽ കരിയപ്പയുടെ സൈനിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു.
കരസേനാ ദിനത്തിൽ സൈനികരുടെ അചഞ്ചലമായ പ്രതിബദ്ധതയെയും ത്യാഗത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കൂടാതെ അവർ രാജ്യത്തിന്റെ ശക്തിയുടെയും പ്രതിരോധത്തിന്റെയും തൂണുകളാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളെ കാക്കാന്‍ സൈന്യം പൂര്‍ണ സജ്ജമെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡേ അറിയിച്ചു. രാജ്യത്തെ ഭീകര സംഘടനകളെ പൂര്‍ണമായും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് കരസേനാ ദിനത്തിൽ ആദരം അർപ്പിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രതികൂല സാഹചര്യങ്ങൾ അവഗണിച്ച് രാജ്യത്തിനായി പോരാടുന്നവരാണ് സൈനികർ. നാം ഉറങ്ങുമ്പോഴും രാജ്യത്തിനായി ഉറങ്ങാതെ കാവൽ നിൽക്കുന്ന ഓരോ സൈനികർക്കുമുള്ള ആദരവാണ് കരസേനാ ദിനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യൻ കരസേന. അതിർത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവർത്തിക്കുകയും തീവ്രവാദപ്രവർത്തനങ്ങൾക്കെതിരേ പ്രവർത്തിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് കരസേനയുടെ പ്രധാന ധർമ്മങ്ങൾ.