തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതിയായ സവാദിനെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ഇളയകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലെ വിവരം എന്ന് റിപ്പോര്‍ട്ട്. ഷാജഹാന്‍ എന്ന പേരില്‍ കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്ത് മരപ്പണി ചെയ്താണ് സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഷാജഹാനെ എന്‍ഐഎ സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ ആശാരിപ്പണിയാണ് എടുത്തിരുന്നതെങ്കിലും ചില വീടുകളില്‍ മാത്രമാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാടക വീട് എടുത്തപ്പോള്‍ നല്‍കിയത് ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും വിലാസവുമാണ്. എല്ലായിടത്തും ഇയാള്‍ ഷാജഹാന്‍ എന്ന പേരാണ് നല്‍കിയത്. ഷാജഹാന്‍ എന്ന പേരാണ് അന്വേഷണ സംഘത്തെ കുഴപ്പിച്ചത്. മട്ടന്നൂരില്‍ എത്തിയ ശേഷമാണ് സവാദിന് ഇളയ കുഞ്ഞ് ജനിച്ചത്. ഇളയകുട്ടിയുടെ ജനനരേഖയിലെ സവാദ് എന്ന പേരാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
എട്ടുവര്‍ഷം മുന്‍പാണ് സവാദ് വിവാഹം കഴിച്ചത്. വിവാഹം കഴിച്ച ശേഷമാണ് പ്രതി കണ്ണൂരില്‍ വന്നത്. മൂന്നിടങ്ങളിലായാണ് ഒളിവില്‍ കഴിഞ്ഞത്. ഒളിവില്‍ കഴിയാന്‍ സവാദിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വീട് വാടകയ്ക്ക് എടുത്ത് നല്‍കാനും മരപ്പണി ഏര്‍പ്പാടാക്കി കൊടുക്കാനും മറ്റുള്ളവരുടെ സഹായം സവാദിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 13 വര്‍ഷവും ഇതേ രീതിയില്‍ പല സ്ഥലങ്ങളിലായി മാറിമാറി താമസിച്ചിട്ടുണ്ടാകാം. ആശാരിപ്പണിയില്‍ ഇയാള്‍ക്ക് പരിശീലനം നല്‍കിയവര്‍, ഒളിയിടം ഒരുക്കാനും താമസം മാറ്റാനും സഹായിച്ചവര്‍ എന്നിവരിലേക്കും ഇനി എന്‍ഐഎ അന്വേഷണം നീങ്ങും. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാലം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പിറകിൽ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി 2015 എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എൻഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.