ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം റെയിൽവേ സ്‌റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തി. 1,400-ലധികം കലാകാരന്മാർ റാംപഥിൽ സജ്ജീകരിച്ച 40 സ്റ്റേജുകളിൽ നാടൻ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. 15,700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പൊതു പരിപാടിയിലും പങ്കെടുക്കും.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം നഗരത്തിലേക്കും തിരിച്ചും 15 ഓളം പുതിയ ട്രെയിൻ സർവീസുകൾ നടത്താൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്. പുതിയ ട്രെയിനുകൾ എല്ലാ ദിവസവും സർവീസ് നടത്തും. ഇവ അയോധ്യ ധാമിൽ യാത്ര അവസാനിപ്പിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിച്ചത്. മറ്റ് സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകൾ അയോധ്യ കാന്റ് സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും.
അയോധ്യയിലെത്തുന്ന ജനങ്ങൾക്കുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി 11,100 കോടിയിലധികം രൂപയുടെ പദ്ധതികളും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിൽ 4,600 കോടിയിലധികം രൂപയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. വരാനിരിക്കുന്ന രാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനായി, അയോധ്യയിൽ വീതികൂട്ടി മനോഹരമാക്കിയതുമായ നാല് റോഡുകൾ (രാംപഥ്, ഭക്തി പാത, ധർമ്മ പാത, ശ്രീരാമ ജന്മഭൂമി പാത) അദ്ദേഹം ഉദ്ഘാടനം ചെയ്തു.
അയോധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ശേഷം അദ്ദേഹത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ ചിത്രവും ‘വിശുദ്ധ നഗരമായ അയോധ്യയിലേക്ക് സ്വാഗതം’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന വലിയ പോസ്റ്ററുകളും ക്ഷേത്ര നഗരത്തിലെ വിവിധ പ്രധാന സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്. അടുത്തിടെ നവീകരിച്ച രാംപഥിന്റെയും മറ്റ് റോഡുകളുടെയും ഇരുവശങ്ങളിലും താൽക്കാലിക തടി ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാഴാഴ്ച തന്നെ ഭരണകൂടം ആരംഭിച്ചിരുന്നു.