തലസ്ഥാനമായ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാർച്ച് തെരുവ് യുദ്ധമായി. പ്രവര്‍ത്തര്‍ പൊലീസിനെ നേരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം കടുത്തു. ആറിലധികം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പൊലീസിന് നേരെ കമ്പുകളും ചെരുപ്പുകളും എറിഞ്ഞു. പിന്നാലെ സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരുപ്പും മുളവടിയും എറിഞ്ഞു. ചിലര്‍ ലാത്തി പിടിച്ചുവാങ്ങി ചിലര്‍ പൊലീസിനെ തിരിച്ചടിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ചിലര്‍ ചിതറിയോടി. ഇവര്‍ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ടയറിന്റെ കാറ്റൂരി വിടുകയും ചെയ്തു.
സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച സമരം പ്രവർത്തകരും പൊലീസും തമ്മിലുളള വൻ സംഘർഷത്തിലേക്ക് എത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. തുടർന്ന് ഉച്ചക്ക് ശേഷം ഡിസിസി ഓഫീസിന് മുന്നിലും സംഘർഷാവസ്ഥ നിലനിന്നിരുന്നു. വൻ പൊലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ നഗരത്തിന്റെ പലയിടങ്ങളിലും പ്രവർത്തകർ സംഘടിച്ച് നിന്നിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.നാല് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിൽ പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ അടങ്ങിയില്ല. കല്ലും വടികളും ചെരുപ്പുമെറിഞ്ഞ് പ്രകോപിപ്പിച്ചു. അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. നോര്‍ത്ത് ഗേറ്റില്‍ പൊലീസുമായി ഉന്തും തള്ളും നടക്കുകയും മതിലുകടന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാന്‍ വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശ്രമിക്കുകയും ചെയ്തു.
സംഘര്‍ഷത്തില്‍ കന്റോണ്‍മെന്റ് എസ്ഐ ദില്‍ജിത്തിന് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലപൊട്ടി. ഇയാളെ പൊലീസ് ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹാഷിം ഉള്‍പ്പെടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും പരിക്കേറ്റിട്ടുണ്ട്. രാഹുല്‍ പൊലീസിന്റെ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചിരുന്നു.
ഇതിനിടെ വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും വിഡി സതീശനും രംഗത്തെത്തി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ കയ്യേറ്റമുണ്ടായി. ലാത്തി ചാര്‍ജിനിടെ ചില പ്രവര്‍ത്തകര്‍ കടകളില്‍ കയറി ഒളിച്ചു. ചിലര്‍ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ഓടിക്കയറി. ഇതിനിടെ പ്രവര്‍ത്തകരെ പൊലീസ് മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടെന്ന പരാതി ഉയര്‍ന്നു. പെണ്‍കുട്ടികളെയാണ് ആക്രമിച്ചത്. അതിനെതിരെ വീണ്ടും സമരങ്ങളുണ്ടാവുമെന്ന് വിഡി സതീശന്‍ പറഞ്ഞു. പാലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ പ്രതിഷേധം തുടരുമെന്നും രാഹുല്‍ പറഞ്ഞു.