ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ദുബായ് ഗ്ലോബൽ വില്ലേജിൽ തുടക്കമായി. ഇനിയുള്ള ദിനരാത്രങ്ങൾ ഗ്ലോബൽ വില്ലേജിൽ ക്രിസ്തുമസ് മയമാണ്. എങ്ങും വർണ്ണവിളക്കുകൾ, സംഗീതം അങ്ങനെ ആഗോളഗ്രാമം ആഘോഷത്തിന്റെ ആവേശത്തിമിർപ്പിലാണ്. കൂടാതെ ക്രിസ്തുമസിന്റെ വരവറിയിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ ക്രിസ്തുമസ് പാപ്പയും എത്തി.
പാട്ടും നൃത്തവുമായി ജനുവരി 4 വരെ സാന്റ സന്ദർശകരെ സ്വീകരിക്കും. കൾച്ചറൽ ഗേറ്റിന് അടുത്തുള്ള കൂറ്റൻ ക്രിസ്മസ് ട്രീയിൽ നക്ഷത്രങ്ങളും സമ്മാനപ്പൊതികളും കുഞ്ഞുലൈറ്റുകളും നിറഞ്ഞുകഴിഞ്ഞു. ബബിൾസ്, കാൻഡി കെയിൻസ്, ഫെയ്റി ലൈറ്റ്, സമ്മാനപ്പൊതികൾ എന്നിവയാൽ അലങ്കരിച്ച ക്രിസ്മസ് ട്രീക്ക് വേലിയൊരുക്കിയിരിക്കുന്നതാവട്ടെ ജിഞ്ചർ ബ്രെഡ് കുക്കിയാണ്. മനോഹരമായ വർണ്ണങ്ങളാൽ തീർത്ത സെലിബ്രേഷൻ വാക്ക് കമാനങ്ങൾ എത്തിനിൽക്കുന്നത് അലങ്കരിച്ച ക്രിസ്തുമസ് ട്രീയോട് ചേർന്നാണ്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണിത് .
ഗ്ലോബൽ വില്ലേജിൽ ജനുവരി 4 വരെ എത്തുന്ന സന്ദർശകർക്ക് സാന്റായോടൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കാനും സാധിക്കും. സാന്റയും സംഘവും കുട്ടികളോടൊത്ത് പാട്ടും നൃത്തച്ചുവടുകളുമായി ആഘോഷത്തിന്റെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കും. ഗ്ലോബൽ വില്ലേജിൽ ഈ വർഷം പുതുതായി തുടങ്ങിയ മിനി വേൾഡിലും ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി. ലോകത്തിലെ പ്രസിദ്ധമായ നിർമ്മിതികളുടെ ചെറുരൂപങ്ങൾ ആണ് മിനി വേൾഡിൽ ഉള്ളത്.
പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി ശനി ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. വാരാന്ത്യങ്ങളിൽ രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയതായിബസ് സർവീസുകളും ആർ ടി എ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 28 വരെ ആഗോളഗ്രാമം സന്ദർശകരെ സ്വീകരിക്കും. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.