70 വർഷത്തിൽ ഏറെ പഴക്കമുള്ള ബർ ദുബായ് ഹിന്ദു ക്ഷേത്രം 2024 ജനുവരി 3 ബുധനാഴ്ച മുതൽ ജബൽ അലിയിലെ പുതിയ ക്ഷേത്രത്തിലേക്ക് മാറ്റുന്നു. 2024 ജനുവരി 3 ബുധനാഴ്ച മുതൽ ഈ ക്ഷേത്രം ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലേക്ക് മാറ്റുമെന്ന് അറിയിപ്പില്‍ പറയുന്നു. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പുകൾ പതിച്ചിട്ടുണ്ട്.
ദുബായിലെ പുരാതനക്ഷേത്രം എന്ന രീതിയിൽ പേരുകേട്ടതാണ് ബർദുബായിലെ ഈ ശിവ- കൃഷ്ണ ക്ഷേത്രം. ഒരു കെട്ടിടത്തിന്റെ രണ്ടുഭാഗങ്ങളിലായാണ് ഇവ സ്ഥിതിചെയ്യന്നത്. ക്ഷേത്രം 1950 കളുടെ അവസാനത്തിൽ നിർമ്മിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. സിന്ധിവിഭാഗക്കാരാണ് ആദ്യമായി ക്ഷേത്രത്തിന് തുടർക്കമിട്ടത്. പിന്നീട് യുഎഇയിൽ താമസിക്കുന്ന ഹിന്ദുക്കളുടെ ആരാധനാലയമായി ക്ഷേത്രം മാറി.
മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുകയും, വിശേഷദിവസങ്ങളിൽ ഇവിടെ അനിയന്ത്രിതമായ തിരക്കും അനുഭവപ്പെട്ടിരുന്നു. സ്ഥലപരിമിതിയായിരുന്നു ഇവിടത്തെ പ്രധാനപ്രശ്നം. ക്ഷേത്രത്തിലേക്ക് പോവുന്ന വളരെ ചെറിയ ഇടനാഴികളിൽ പൂജാ ദ്രവ്യങ്ങളും മറ്റും വിൽക്കുന്ന നിരവധി കടകളും ഉണ്ട്.