മണിപ്പൂരിൽ മെയ്തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിക്കുന്നതിന് കേന്ദ്രം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനായി ട്രൈബ്യൂണൽ രൂപീകരിച്ചു. മണിപ്പൂർ മെയ്തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിക്കാൻ മതിയായ കാരണമുണ്ടോയെന്ന് ഗുവാഹത്തി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കുമാർ മേധി അടങ്ങുന്ന ട്രൈബ്യൂണൽ നിരീക്ഷിക്കും. നവംബർ 13ന് മെയ്തേയ് വിഭാഗങ്ങൾക്ക് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ അഞ്ച് വർഷത്തേക്ക് വിലക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നാരോപിച്ചാണ് ഗ്രൂപ്പുകളെ നിരോധിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേർപിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്നും സർക്കാർ പറയുന്നു.
കൂടാതെ, മെയ്‌തേയ് തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ ഇവ വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ തങ്ങളുടെ കേഡർമാരെ അണിനിരത്തുമെന്നാണ് വിലയിരുത്തലെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ആദ്യ സംഘർഷം റിപ്പോർട്ട് ചെയ്തത്. മെയ് 3 മുതൽ ആരംഭിച്ച വംശീയ സംഘർഷങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 180 -ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.