ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാനുള്ള രാഹുൽ ദ്രാവിഡിന്റെ കരാർ ബിസിസിഐ നീട്ടി. ടീം ഇന്ത്യയുടെ (സീനിയർ മെൻ) സപ്പോർട്ട് സ്റ്റാഫിന്റെയും കരാർ നീട്ടിയതായി ബിസിസിഐ അറിയിച്ചു. ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സപ്പായത്. കഴിഞ്ഞ രണ്ട് വർഷവും രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ബിസിസിഐക്ക് വിലയിരുത്തി.
രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിന് ശേഷമായിരുന്നു രാഹുലിൻ്റെ കടന്നുവരവ്. അന്നത്തെ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുടേയും നിർബന്ധത്താലാണ് ദ്രാവിഡ് ഈ പദവിയിൽ എത്തിയത്. 2021ൽ നടന്ന ട്വൻ്റി 20 ലോകകപ്പിന് ശേഷമാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
കഴിഞ്ഞയാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചയിലും പുതിയ കരാറിന്റെ അന്തിമ രൂപമായിരുന്നില്ല. തുടർന്നാണ് പരിശീലക കരാറായില്ലെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ പരിശീലിപ്പിക്കാൻ രാഹുലിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ട്വൻറി 20 പരമ്പരയ്‌ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും കൂടി ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കൻ മണ്ണിലുണ്ട്. ഡിസംബറിൽ ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകും എന്നതിനാൽ ഈ ടീമിനൊപ്പം രണ്ടാംനിര പരിശീലന സംഘത്തെയും ബിസിസിഐക്ക് അയക്കേണ്ടതുണ്ട്.