അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങളിൽ നാടും നഗരവും അമരുകയാണ്. രാവണനെ നിഗ്രഹിച്ച്, അഗ്‌നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ അയോദ്ധ്യാവാസികൾ ദീപാലങ്കാരങ്ങൾ നടത്തിയെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ ദുഷ്ടനായ നരകാസുരനെ വധിച്ചതിൽ സന്തുഷ്ടരായ ദേവകൾ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം.
ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. ദിവസങ്ങൾക്ക് മുൻപ് തന്നെ നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങികഴിഞ്ഞു. ചെരാതുകളിൽ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ കൈമാറിയും പടക്കം പൊട്ടിച്ചും നാടും നഗരവും ഉത്സവം പൂർവാധികം ഭംഗിയാക്കും. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം രാത്രി 8 മുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവുണ്ട്.