42-ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേള അവസാനിക്കാൻ രണ്ടു ദിവസം കൂടി ശേഷിക്കെ വായനയുടെ വിശാലലോകം തേടിയെത്തുന്നവരെ കൊണ്ട് നിറയുകയാണ് ഷാർജ എക്സ്പോ സെന്റർ. വാരാന്ത്യം കൂടി ആയതോടെ സന്ദര്‍ശക വലിയ തിരക്കാണ് ഇന്ത്യൻ സ്റ്റാളുകളിൽ കാണുന്നത്. ഡി സി ബുക്‌സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ വെള്ളിയാഴ്ച പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു.
എല്ലാ വർഷത്തെയുംപോലെ ഇക്കുറിയും മുൻപന്തിയിൽ മലയാളം തന്നെയാണ്. ഏറ്റവും അധികം ആളുകൾ വന്നെത്തിയതും മലയാളം പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകളിൽ ആയിരുന്നു. ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡി സി ബുക്‌സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്‌ളാസിക്കുകളും സ്റ്റാളുകളില്‍ ലഭ്യമായിരുന്നു. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്‌ളാസിക്കുകള്‍ എന്നിവയ്ക്ക് നിരവധി ആവശ്യക്കാരാണ്. അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പര്‍ കോളിന്‍സ് തുടങ്ങിയവയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.
കുട്ടികളുടെ നീണ്ട നിര തന്നെ ഇക്കുറി പുസ്തകമേളക്ക് എത്തിയിരുന്നു. കുരുന്നുകൾക്ക് വായനക്കപ്പുറം വിനോദപരിപാടികളും മേളയിൽ ഉണ്ടായിരുന്നു. കുട്ടികൾക്കായി പ്രത്യേകം ഹാൾ തന്നെ ഒരുക്കിയിരുന്നു. പാട്ടും ചിത്രരചനയും സംഗീതവും പാചകവും കളികളുമായി കുരുന്നുകൾ മേളയിൽ നിറഞ്ഞാടി.
ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിന്ന മേള ഇത്തവണ ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. 108 രാജ്യങ്ങളിൽ നിന്ന് 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15ലക്ഷം പുസ്തകങ്ങളാണ് മേളക്കെത്തിയിരിന്നത്. 1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരും ഇക്കുറി മേളക്കെത്തിയിരുന്നു. അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്. ഏറ്റവും കൂടുതൽ പ്രസാധകർ യു.എ.ഇയിൽ നിന്നാണ്. ദക്ഷിണ കൊറിയയാണ് ഇത്തവണ മേളയുടെ അഥിതി രാജ്യം.