അക്ഷരങ്ങളെ കണ്ണാടിയിലെ പ്രതിബിംബം വഴി മാത്രം വായിച്ചെടുക്കാവുന്ന തരത്തിൽ എഴുതുന്ന കലയിൽ
താരമായി മാറിയിരിക്കുകയാണ് മാസ്റ്റർ ആദിഷ് സജീവ്. കൈകൊണ്ട് രചിച്ച ലോകത്തിലെ ഏറ്റവും വലിയ മിറർ റൈറ്റിംഗുമായാണ് ആദിഷ് പുസ്തകമേളക്ക് എത്തിയത്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഏഴാം നമ്പർ ഹാളിൽ ആദിഷ് സജീവ് ഉണ്ട്. ഈ കൊച്ചു മിടുക്കനോട് എന്ത് എഴുതാൻ പറഞ്ഞാലും സാധാരണ രീതിയിലും ഉടൻതന്നെ അതിന്റെ പ്രതിബിംബ എഴുതി ഈ കൊച്ചുമിടുക്കൻ കയ്യടി നേടുകയാണ്.
കൊല്ലം പാരിപ്പള്ളി എ ജി എം കരുണ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മാസ്റ്റർ ആദിഷ് സജീവ്. മഹാത്മ ഗാന്ധിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ” എന്ന ആത്മകഥയാണ് ആദിഷ് തന്റെ വേറിട്ട ഈ കലാസപര്യക്കായി തെരഞ്ഞെടുത്തത്. 70 സെന്റീമീറ്റർ വീതിയും 80 സെന്റീമീറ്റർ നീളവും വരുന്ന 473 പേജുകളിലായാണ് ഗാന്ധിജിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” സജീവ് മിറർ റൈറ്റിഗിന് വിധേയമാക്കിയത്. യുകെ ആസ്ഥാനമായുള്ള ടൈം വേർഡ് റെക്കോർഡ് നേടിയ എട്ടു വയസ്സുകാരൻ മാസ്റ്റർ ആദിഷ് സജീവിന്റെ രചനയുടെ പ്രദർശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ആദ്യമായാണ് നടക്കുന്നത്. അറേബ്യൻ വേൾഡ് റെക്കോർഡിനും ആദിഷ് അർഹനായി. ഇനി ഗിന്നസ് റെക്കോർഡ് എന്ന ലക്ഷ്യത്തിലേക്കാണ് ഈ കൊച്ചുമിടുക്കൻ പരിശ്രമിക്കുന്നത്.
കുട്ടിക്കാലത്ത് എഴുതുന്നതെല്ലാം തലതിരിച്ചെഴുതുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും ഇത്രവലിയ ഒരു കല മകന് കൈമുതലായുണ്ടെന്ന് അന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞില്ല. പിന്നീട് ഈ കല തിരിച്ചറിഞ്ഞ് ഏവരും പ്രോത്സാഹനം നൽകിയതോടെ ആദിഷ് ഇന്ന് താരമായി വളർന്നു. പുസ്തകമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.