തെലങ്കാനയിലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള 14 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി. സംഗറെഡ്ഡിയിൽ നിന്ന് ദേശ്പാണ്ഡേ രാജേശ്വര റാവു, മൽക്കജ്ഗിരിയിൽ നിന്ന് രാംചന്ദർ റാവു എന്നിവരെയാണ് പാർട്ടി നോമിനേറ്റ് ചെയ്തിരിക്കുന്നത്. ബിജെപിയുടെ ആദ്യ പട്ടികയിലെ 52 സ്ഥാനാർത്ഥികളിൽ പാർട്ടിയുടെ തെലങ്കാന മുൻ അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ ഉൾപ്പെടെ മൂന്ന് ലോക്‌സഭാ എംപിമാരും ഉൾപ്പെടുന്നു. ആകെ മൊത്തം 119 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഹിന്ദുത്വയുടെ നേതാവ് ടി രാജ സിംഗിനെയും ബിജെപി ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിന് സിങ്ങിനെ കഴിഞ്ഞ വർഷം സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിന്നീട് പിൻവലിച്ചിരുന്നു. മുൻ ബിആർഎസ് നേതാവായ ഹുസുറാബാദിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി തലവൻ കൂടിയായ എറ്റെല രാജേന്ദറിനെ നോമിനേറ്റ് ചെയ്തു. ബിജെപിക്ക് സംസ്ഥാന അടിസ്ഥാനത്തിലുള്ള നാല് ലോക്‌സഭാ എംപിമാരാണുള്ളത്. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡിയാണ് ആദ്യ പട്ടികയിൽ പേരില്ലാത്ത മറ്റൊരു എംപി.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാതി സർവ്വേ ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയമാക്കിയിരിക്കുകയാണ് കോൺഗ്രസ്. തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജാതി സെൻസസ് രാജ്യത്തിൻറെ ‘എക്‌സ്‌റേ’ ആണെന്നും വിഷയത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മൗനം വെടിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലയിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം.