നവംബർ ഒന്നിന് തുടങ്ങിയ ഷാർജ അന്താരാഷ്ട്രപുസ്തകോത്സവത്തിലേക്ക് വൻ ജനപ്രവാഹം. മേള തുടങ്ങി മൂന്നാം ദിനത്തിലെത്തിയപ്പോള്‍ എല്ലാ പുസ്തക ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചില സ്റ്റാളുകളിൽ നിന്നു തിരിയാനിടമില്ലാത്ത വിധം ആളുകളുടെ തിരക്കനുഭവപ്പെട്ടു.
ഇന്ത്യന്‍ പുസ്തക ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുസ്തകോല്‍സവം വെള്ളിയാഴ്ച മൂന്നാം ദിനം പിന്നിടുമ്പോള്‍ വലിയ ജനശ്രദ്ധയാണുള്ളത്. ഏറ്റവുമധികം പുസ്തകങ്ങള്‍ എത്തിച്ച പ്രസാധകരില്‍ മുന്‍നിരയിലാണ് ഡിസി ബുക്‌സ്. മേളയിലെ 6, 7 ഹാളുകളിലാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഏറ്റവുമധികം വില്‍പനയുള്ള പുസ്തകങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളും ക്‌ളാസിക്കുകളും സ്റ്റാളുകളില്‍ ലഭിക്കും. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്‌ളാസിക്കുകള്‍ എന്നിവയ്ക്ക് നിരവധി പേരെത്തുന്നു. എഴുത്തുകാരില്‍ വിനോയ് തോമസിന്റെ രചനകള്‍, എം.മുകുന്ദന്റെ ‘നിങ്ങള്‍’, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി.ഷിനിലാലിന്റെ ‘സമ്പര്‍ക്ക കാന്തി’ എന്നിവയ്ക്ക് നല്ല ആവശ്യക്കാരുണ്ട്. അമര്‍ ചിത്രകഥ, പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പര്‍ കോളിന്‍സ് തുടങ്ങിയവയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.
108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരാണ് ഇപ്രാവശ്യം മേളയിൽ പങ്കെടുക്കുന്നത്. 15 ലക്ഷം പുസ്തകങ്ങൾ ഇത്തവണയെത്തും. ഇതുകൂടാതെ, 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ 1,700 പരിപാടികളിൽ സംബന്ധിക്കും. 127 അറബ്, രാജ്യാന്തര അതിഥികൾ 460 സാംസ്കാരിക പരിപാടികള്‍ നയിക്കും.
നവംബര്‍ 1 മുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും നിരവധി പ്രഗത്ഭരെത്തുന്നുണ്ട്. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കുന്നതാണ്.