ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിസോദിയ സമർപ്പിച്ച രണ്ട് വ്യത്യസ്ത ജാമ്യാപേക്ഷകളിലാണ് വിധി. കേസിൽ 338 കോടി രൂപയുടെ പണമിടപാട് താൽക്കാലികമായി നടത്തിയെന്ന് നിരീക്ഷിച്ചതോടെയാണ് ബെഞ്ച് ജാമ്യപേക്ഷ തള്ളിയത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. നേരത്തെ കേസുമായി ബന്ധപ്പെട്ട വാദത്തിൽ അന്വേഷണ ഏജൻസികൾക്ക് എതിരെ ശക്തമായ നിരീക്ഷണം കോടതി നടത്തിയിരുന്നു. വിചാരണവേളയിൽ ഈ കേസ് തള്ളി പോകുമെന്നതടക്കം നീരീക്ഷണങ്ങൾ ഉണ്ടായി. എന്നാൽ 388 കോടി രൂപയുടെ കൈമാറ്റം തെളിയ്ക്കാനായെന്നും അതിനാൽ ജാമ്യം തള്ളുകയാണെന്നും കോടതി പറഞ്ഞു. മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടിയും മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഏജന്‍സികളുടെ ആക്ഷേപം
അതേസമയം കേസിന്റെ വിചാരണ ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രോസിക്യൂഷന് ഉറപ്പ് നൽകിയതായി കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ, വിചാരണ മന്ദഗതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ, സിസോദിയയ്ക്ക് ജാമ്യാപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്തതതു മുതൽ സിസോദിയ സിബിഐ കസ്റ്റഡിയിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയെ തിഹാർ ജയിലിൽ ചോദ്യം ചെയ്യലിന് ശേഷം മാർച്ച് ഒമ്പതിനാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്.