സംസ്ഥാനത്ത് നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ. ഒക്ടോബർ 31ലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രിൽ വരെ സമയം നൽകണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവർ ആവശ്യപ്പെട്ടു.
നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധവും രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ബസുകളിൽ നിരീക്ഷണക്യാമറയും ഡ്രൈവർക്ക് സീറ്റ് ബെൽറ്റും ഘടിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമ പ്രകാരമാണ് നടപടിയെന്നും, അതിനാൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. എന്നാൽ ഈ തീരുമാനം അപ്രായോഗികമാണ് എന്നാണ് ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങില്ല. അവരുമായി ചർച്ച നടത്തിയിരുന്നു. നവംബർ ഒന്നിന് ശേഷം ഫിറ്റ്‌നസ് തീരുന്നതുവരെ ക്യാമറ സ്ഥാപിക്കാൻ സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് സ്വകാര്യ ബസുടമകളെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.