ആഫ്രിക്കൻ ജന്തുജീവജാലങ്ങളുടെ വലിയ സാന്നിധ്യമുള്ള ഷാർജ സഫാരി പാർക്കിലേക്ക് പുതിയ അഥിതികൾ എത്തി. പാർക്കിലേക്ക് പുതിയ 61 മൃഗങ്ങൾ കൂടിയെത്തി. ഷാർജ സഫാരി പാർക്ക് സന്ദർശിക്കുന്നവർക്ക് വിവിധ ആഫ്രിക്കൻ ഇനം കലമാനുകളും കൃഷ്‌ണമൃഗങ്ങളും ഉൾപ്പെടെ 61 പുതിയ മൃഗങ്ങളെകൂടി കാണാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ പാർക്ക് ആണ് ഷാർജ സഫാരി പാർക്ക്. ആഫ്രിക്കയിൽ നിന്നും കൂടുതൽ മൃഗങ്ങളെത്തുമ്പോൾ സന്ദർശകർക്ക് കൂടുതൽ ആസ്വാദനവും എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് സഫാരി പാർക്ക് അധികൃതർ പറഞ്ഞു.
സഫാരിയിലെ ജീവജാലങ്ങളുടെ വൈവിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റിയാണ് ഈ മൃഗങ്ങളുടെ കൂട്ടത്തെ പാർക്കിലേക്ക് കൊണ്ടുവന്നത്. ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ 120ൽ അധികം ഇനം ആഫ്രിക്കൻ മൃഗങ്ങളാണിതിലുള്ളത്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി സഞ്ചരിക്കാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്.