ഷാര്‍ജയിലെ മെഡ് കെയര്‍ ഹോസ്പിറ്റല്‍ സങ്കീര്‍ണ്ണമായ മുഴകള്‍ ചികിത്സിക്കുന്നതിനായി അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി സെന്റര്‍ ആരംഭിച്ചു. സ്‌പെഷ്യലിസ്റ്റ് ഇഎന്‍ടി ആന്റ് സ്‌കള്‍ ബേസ് സര്‍ജന്‍ പ്രൊഫ. ഡോ. ടി.എന്‍. ജാനകിറാം, കണ്‍സള്‍ട്ടന്റ് ഓട്ടോലാറിന്‍ഗോലോഗി ഡോ. സയ്യിദ് അല്‍ ഹബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇഎന്‍ടി സര്‍ജന്‍മാര്‍, സ്‌കള്‍ ബേസ് സര്‍ജന്‍മാര്‍, ന്യൂറോ സര്‍ജന്‍മാര്‍, ഇന്റന്‍സിവിസ്റ്റ്‌സ്, അനെസ്‌തേഷ്യോളജിസ്റ്റ്‌സ് എന്നിവരടങ്ങുന്ന സംഘമാണ് അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി സെന്ററിനെ നയിക്കുന്നത്.
തലയുടെ അടിഭാഗത്തും, തലയോട്ടിയിലും, കണ്ണുകള്‍ക്കും, മൂക്കിനും പിന്നിലെ അസ്ഥികളിലും മുഴകളും, അര്‍ബുദമായി പരിണമിച്ച മുഴകളും അസാധാരണമായ രീതിയില്‍ വികസിക്കുന്ന സാഹചര്യമാണ് പലരിലും കണ്ടുവരുന്നത്. തലയോട്ടിയില്‍ ആഴത്തില്‍ വളരുന്നതിനാലും, മസ്തിഷ്‌കം, തല, കഴുത്ത്, സുഷുമ്‌നാ നാഡി എന്നിവയുടെ സങ്കീര്‍ണ്ണമായ ഞരമ്പുകളോടും രക്തക്കുഴലുകളോടും ചേര്‍ന്ന് കിടക്കുന്നതിനാലും ഈ മുഴകളുടെ ചികിത്സ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഈ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ചുരുക്കം ചില ആശുപത്രികളില്‍ ഒന്നാണ് മെഡ് കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ.
സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി ആരംഭിക്കുന്നതോടെ തൃതീയ ആരോഗ്യ പരിചരണത്തില്‍ മെഡ്കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ കൂടുതല്‍ മെഡിക്കല്‍ മികവിലേക്ക് ഉയരുകയാണ്. പിറ്റിയൂട്ടറി ട്യൂമറുകള്‍, മെനിഞ്ചിയോമ, ക്രാനിയോഫറിന്‍ജിയോമ, മൂക്കിലെയും തലയോട്ടിയുടെ അടിഭാഗത്തെയും മുഴകള്‍ എന്നിവയടങ്ങുന്ന സങ്കീര്‍ണ്ണമായ കേസുകള്‍ക്ക് ഈ കേന്ദ്രത്തില്‍ മികച്ച ശസ്ത്രക്രിയാ പരിഹാരങ്ങള്‍ നല്‍കും. കൂടാതെ, എന്‍ഡോസ്‌കോപ്പിക് സൈനസ് സര്‍ജറികള്‍, ഇയര്‍ സര്‍ജറികള്‍, ശ്രവണ നഷ്ടം ചികിത്സിക്കുന്നതിനും കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ചുള്ള സ്റ്റെപെഡെക്ടമികള്‍ എന്നിവയുടെ വിപുലമായ പ്രയോഗങ്ങള്‍ക്കും കേന്ദ്രത്തില്‍ സൗകര്യമുണ്ട്.
ഷാര്‍ജയിലെ മെഡ് കെയര്‍ ഹോസ്പിറ്റല്‍ അഡ്വാന്‍സ്ഡ് സ്‌കള്‍ ബേസ് സര്‍ജറി സെന്ററിലെ വിപുലമായ ശസ്ത്രക്രിയാ സേവനങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്ന് കണ്‍സള്‍ട്ടന്റ് ഓട്ടോലാറിന്‍ഗോലോഗി ഡോ. സയ്യിദ് അല്‍ ഹബാഷ് പറഞ്ഞു. കുട്ടികളില്‍, പെണ്‍കുട്ടികളേക്കാള്‍, ആണ്‍കുട്ടികളിലാണ് തലയോട്ടിയിലെ മുഴകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇത് ഗുരുതരമായ വൈകല്യത്തിനും സങ്കീര്‍ണതകള്‍ക്കും ഇടയാക്കുന്നു. സങ്കീര്‍ണ്ണമായ സൈനസ് പ്രശ്നങ്ങളും കേള്‍വി പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ ത്രിതീയ പരിചരണ ശേഷി വര്‍ദ്ധിക്കുന്നു. മെഡിക്കല്‍ മികവിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് യുഎഇയിലും പുറത്തുമുള്ള രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിചരണം നല്‍കുന്നതിനുമുള്ള മെഡ്കെയറിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ സംരംഭമെന്നും അദ്ദേഹം വ്യക്തമാക്കി