സിറിയയിൽ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സിറിയയിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും ഇതിനുള്ള തിരിച്ചടിയാണെന്നുമാണ് ഇസ്രയേലിന്‍റെ പ്രതികരണം. എട്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് സിറിയന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.45 ന് ആണ് സംഭവം. സിറിയയിലെ എഫ്എം ചാനലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുലര്‍ച്ചെ ഗോലാന്‍ കുന്നുകളില്‍ നിന്ന് സിറിയയിലെ ദരാ ദേഹത്തിലെ സൈനിക താവളത്തിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. സമീപത്തെ നിരവധി സൈനിക താവളങ്ങളും തകര്‍ത്തു.
ഇന്നലെ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിനു മറുപടിയായി സിറിയയില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച 10 പേരെ വധിച്ചതായും കടൽ വഴിയുള്ള ഹമാസിന്‍റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രയേല്‍ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്നു സിറിയയുടെ ഡമാസ്കസ്, അലെപ്പോ എന്നീ പ്രധാന രണ്ടു വിമാനത്താവളങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചിരുന്നു.
ഇതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. ഭക്ഷണവും വെള്ളവും വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ഇസ്രായേലിന്റെ ഗാസയിലെ ചില നടപടികള്‍ പലസ്തീനികളുടെ ജീവിതം തലമുറകളോളം കഠിനമാക്കുമെന്ന് ഒബാമ പറഞ്ഞു. മാത്രമല്ല, ഇസ്രായേലിനുള്ള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.