മലയാളം മിഷൻ ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന സർഗോത്സവം- 2023 ലോഗോ പ്രകാശനം ചെയ്തു. വെള്ളിയാഴ്‌ച വൈകിട്ട് നടന്ന സൂം, എഫ് ബി ലൈവിലൂടെ മലയാളം മിഷൻ ഡയറക്ടർ- മുരുകൻ കാട്ടാക്കട, രജിസ്ട്രാർ- വിനോദ് വൈശാഖി എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഒക്ടോബർ 22, നവംബർ 5 തിയതികളിലായി നടക്കുന്ന സർഗോത്സവ മത്സരങ്ങളിൽ ദുബായ് ചാപ്റ്ററിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടികളാണ് തങ്ങളുടെ ഭാഷാ – സാംസ്‌കാരിക – സർഗാത്മക സാധ്യതകളിൽ മാറ്റുരയ്ക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായാണ് ഒരു മലയാളം മിഷൻ ചാപ്റ്റർ കുട്ടികൾക്കായി സർഗോത്സവം സംഘടിപ്പിക്കുന്നത്. ദുബായ് ചാപ്റ്ററിന്റെ യശസ്സിൽ ഒരു പൊൻതൂവലായിരിക്കും സർഗോത്സവമെന്ന് ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. വേറിട്ട പ്രവർത്തനങ്ങളാൽ കൂടുതൽ മലയാളികളിലേക്ക് എത്തിച്ചേരാൻ ദുബായ് ചാപ്റ്ററിന് ഇനിയും കഴിയട്ടെയെന്ന് രജിസ്ട്രാർ വിനോദ് വൈശാഖി പറഞ്ഞു. സർഗോത്സവം പ്രോഗ്രാം കോർഡിനേറ്ററും ചാപ്റ്റർ വൈസ് പ്രസിഡന്റുമായ സർഗ്ഗ റോയ് സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ അധ്യക്ഷനായി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ർ കുഞ്ഞഹമ്മദ്, ചാപ്റ്റർ കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ, വിദഗ്ദ്ധ സമിതി അധ്യക്ഷ സോണിയ ഷിനോയ് പുൽപ്പാട്ട്, ഉപദേശക സമിതിയംഗം റോയ് നെല്ലിക്കോട്, ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ, കേരളോത്സവം കൺവീനർ സജീവൻ, എന്നിവർ ആശംസകൾ നേർന്നു. പ്രസിഡന്റ് അമ്പുജം സതീഷ്, സെക്രട്ടറി ദിലീപ് സിഎൻഎൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഐ റ്റി കോർഡിനേറ്റർ ഷംസി റഷീദ് നന്ദി അറിയിച്ചു.