നാലുവർഷത്തെ വിദേശവാസത്തിനുശേഷം പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ശനിയാഴ്ച ജന്മനാട്ടിൽ മടങ്ങിയെത്തി. നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല.
പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് പാകിസ്ഥാൻ മുസ്‍ലിം ലീഗിന്റെ (നവാസ്) അധ്യക്ഷൻ കൂടിയായ ഷെരീഫിന്റെ മടങ്ങിവരവ്. അവെൻഫീൽഡ്, അൽ അസീസിയ അഴിമതിക്കേസുകളിൽ കഴിഞ്ഞദിവസമാണ് ഷെരീഫിന് ഇസ്‍ലാമാബാദ് ഹൈക്കോടതി സംരക്ഷിതജാമ്യം അനുവദിച്ചത്. 24 വരെയാണ് ജാമ്യം നൽകിയത്. ഷെരീഫിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഏജൻസികൾ നൽകിയ അപകടമുന്നറിയിപ്പ് കണക്കിലെടുത്ത് ലഹോറിൽ പഞ്ചാബ് പോലീസ് സുരക്ഷ ശക്തമാക്കി.
മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അഴിമതിക്കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേയാണ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് റജിസ്റ്റർ ചെയ്ത അഴിമതി കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു. 2022 ഏപ്രിലിൽ നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാക് സർക്കാർ പാസ്പോർട്ട് നൽകിയിരുന്നു. തനിനെതിരെ നടപടിയെടുത്ത മുൻ പാക് പ്രഥാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ഷെരീഫ് തിരികെ രാജ്യത്തെത്തുന്നത്.