സംഘർഷം നടക്കുന്ന മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ ഏർപ്പെടുത്തിയ കർഫ്യൂ മണിപ്പൂർ സർക്കാർ രാത്രി 10 മണി വരെ നീട്ടി. മെയ് മൂന്നിന് സംസ്ഥാനത്ത് ആക്രമണം ആരംഭിച്ചതിനെ തുടർന്നാണ് ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ചുരാചന്ദ്പൂർ, കാങ്‌പോക്പി, മറ്റ് താഴ്‌വര ജില്ലകളിൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയത്. നേരത്തെ രാവിലെ അഞ്ച് മണി മുതൽ രാത്രി ഏഴ് മണി വരെയായിരുന്നു കർഫ്യൂ. ഇതാണ് രാത്രി 10 വരെ നീട്ടിയത്.
നേരത്തെ മറ്റ് സ്ഥലങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ വൈകുന്നേരം ആറ് വരെയും, ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും വൈകുന്നേരം ഏഴ് മണി വരെയുമായിരുന്നു കർഫ്യൂ. പിന്നീട് സംസ്ഥാനം സാധാരണ നിലയിലായപ്പോൾ കർഫ്യൂവിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ സംസ്ഥാനം വീണ്ടും അക്രമാസക്തമായപ്പോൾ കർഫ്യൂ വീണ്ടും തുടർന്നു.
2023 മെയ് 3 മുതല്‍ അക്രമം സംഭവങ്ങള്‍ അരങ്ങേറിയ സംസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതേസമയം മണിപ്പൂരിലെ ഉൾപ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. മണിപ്പൂരിലെ കാക്ചിംഗ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലെ ദുര്‍ബല പ്രദേശങ്ങളായ സഗോള്‍മാംഗ് പോലീസ് സ്റ്റേഷന് കീഴിലുള്ള വേക്കന്‍, ശാന്തിപൂര്‍, ഖമെന്‍ലോക് മേഖലകളില്‍ നിന്നാണ് ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തത്. എകെ 47/56, ഇംപ്രൊവൈസ്ഡ് റൈഫിള്‍, കാര്‍ബൈന്‍ മെഷീന്‍ ഗണ്‍, ലാഥോഡ് ലോഞ്ചറുകള്‍, റിവോള്‍വര്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ 36 ആയുധങ്ങള്‍ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇന്‍സാസ് റൈഫിള്‍ അടങ്ങിയ 1615 വെടിമരുന്നുകളും സ്‌ഫോടക വസ്തുക്കളും, ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍, തദ്ദേശീയ നിര്‍മിത പിസ്റ്റള്‍ എന്നിവയും പിടിച്ചെടുത്തു.