വ്യാപാര വാണിജ്യ വിനോദ സംസ്കാരിക മേളകളുടെ പറുദീസയായ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ കവാടങ്ങൾ തുറന്നു. ഗ്ലോബല്‍ വില്ലേജിന്റെ 28മത് പതിപ്പിനാണ് കൊടികയറിയത്. എല്ലാ വർഷത്തെയും പോലെ നിരവധി അത്ഭുത കാഴ്ചകളാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യദിനംതന്നെ ആയിരക്കണക്കിനാളുകൾ ഇവിടേയ്ക്ക് ഒഴുകിയെത്തി.
27 രാജ്യങ്ങളുടെ പവിലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ ഒരുങ്ങിയിരിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400 കലാകാരന്‍മാര്‍ ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ എത്തും. നാലായിരത്തിലധികം കലാ – വിനോദ പ്രകടനങ്ങള്‍ ഈ സീസണില്‍ ആഗോളഗ്രാമത്തിൽ അരങ്ങേറും.ഒട്ടനവധി ആകര്‍ഷകങ്ങളാണ് സന്ദര്‍കര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത് എന്നും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സന്ദർശകർ ഇക്കുറി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്ലോബൽ വില്ലജ് മാനേജ്‌മന്റ് പ്രതിനിധി മയാ അബ്ദുൽ ജൗദ് പറഞ്ഞു.
സാധാരണ ഒക്ടോബര് അവസാനമോ നവംബർ ആദ്യവാരമോ ആണ് ആഗോളഗ്രാമം സന്ദർശകർക്കായി തുറന്നിരുന്നതെങ്കിൽ ഇക്കുറി നേരത്തെയാണ് ഗ്രാമം സന്ദർശകരെ സ്വീകരിക്കുന്നത്. ഗ്ലോബൽ വില്ലേജിൽ നിന്ന് ടിക്കറ്റുകൾ നേരിട്ട് വാങ്ങാൻ കൗണ്ടറുകൾ തയ്യാറയിക്കഴിഞ്ഞു.25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. രണ്ട് തരത്തിലുളള ടിക്കറ്റുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരക്കിളവോടെയുളള വാല്യു ടിക്കറ്റും എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്ന എനി ഡേ ടിക്കറ്റും ലഭ്യമാണ്.
പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി ശനി ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. വാരാന്ത്യങ്ങളിൽ രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയതായി ബസ് സർവീസുകളും ആർ ടി എ ആരംഭിച്ചിട്ടുണ്ട് . ഏപ്രിൽ 28 വരെ ആഗോളഗ്രാമം സന്ദർശകരെ സ്വീകരിക്കും.