തിരുവല്ല അർബൻ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ബ്രാഞ്ച് മാനേജർ അറസ്‌റ്റിൽ. ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരും മഹിളാ അസോസിയേഷൻ നേതാവും ആയിരുന്ന പ്രീത ഹരിദാസാണ് പിടിയിലായത്. നിക്ഷേപക അറിയാതെ അവരുടെ പണം തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. മതിൽ ഭാഗം സ്വദേശിയായ നിക്ഷേപയുടെ അക്കൗണ്ടിൽ നിന്ന് മൂന്നു ലക്ഷത്തിഅമ്പതിനായിരം രൂപയാണ് പ്രീത വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയത്.
തിരുവല്ല മതിൽഭാഗം സ്വദേശിനി വിജയലക്ഷ്‌മി മോഹൻ ബാങ്കിൽ നിക്ഷേപിച്ച സ്ഥിരനിക്ഷേപ തുക പണം തട്ടി എന്ന പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. 2015ലാണ് വിജയലക്ഷ്‌മി 3,50,000 രൂപ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയത്. അഞ്ച് വർഷത്തിനുശേഷം പലിശ സഹിതം 6 ലക്ഷത്തി എഴുപതിനായിരം രൂപ കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടർന്ന് തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസിൽ പ്രീതാ ഹരിദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം നാലിന് ഹൈക്കോടതി തള്ളിയിരുന്നു. പതിനേഴാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവാനും കോടതി ഇവരോട് നിർദ്ദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് ശേഷവും പ്രീത ഹരിദാസ് വിവിധ ബന്ധുവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ പ്രീതയുടെ അറസ്‌റ്റ് ഒഴിവാക്കി ഇവരെ ഒളിവിൽ പോകാൻ പോലീസ് സഹായിച്ചുവെന്ന ആരോപണം ഉയർന്നതോടെയാണ് അറസ്‌റ്റിലേക്ക് കടന്നത്.