ദുബൈ കരാമയിലെ ഫ്ളാറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിധിൻ ദാസ് (23) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ദുബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിധിന്‍ ദാസ് മരിച്ചത്. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്ന മലപ്പുറം തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38) ഇന്നലെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാനില്‍, നഹീല്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്തുള്ള ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായാണ് വിവരം.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കരാമ ‘ഡേ ടു ഡേ’ ഡിസ്‌കൗണ്ട് സെന്ററിനുസമീപത്തെ ബിൻ ഹൈദർ .
കെട്ടിടത്തിലായിരുന്നു പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഫ്ളാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. ഒരേ ഫ്ളാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോൺ നോക്കിയിരിക്കുമ്പോഴാണ് അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. പലരും പുറത്തേക്കോടിയെങ്കിലും തീനാളങ്ങൾ നിമിഷനേരത്തിനുള്ളിൽ പടർന്നിരുന്നു.