ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനം വലിയ ഞെട്ടലുണ്ടാക്കിയെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ ഉത്തരവാദികളായിരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗാസയിലെ ഹോസ്പിറ്റലിലെ ദാരുണമായ സംഭവം അഗാധമായ ഞെട്ടലുണ്ടാക്കി, സ്ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു,’ പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ‘നിലവിലുള്ള സംഘര്‍ഷത്തില്‍ ജീവനുകള്‍ നഷ്ടമാകുന്നത് ഗുരുതരമായതും ആശങ്കയുണ്ടാക്കുന്ന കാര്യവുമാണ്. അതില്‍ ഉള്‍പ്പെട്ടവരെല്ലാം ഉത്തരവാദികളായിരിക്കണം’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിരവധി രാജ്യങ്ങളുടെ തലവന്മാരും യുഎന്‍ അധികൃതരും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘നൂറുകണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത് ഭയപ്പെടുത്തുന്നതാണ്’, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘തന്റെ ഹൃദയം മരിച്ചവരുടെ കുടുംബത്തോടൊപ്പമുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ആശുപത്രിയിൽ ചൊവ്വാഴ്‌ച നടന്ന സ്ഫോടനത്തിൽ 500ഓളം പലസ്‌തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ വ്യോമാക്രമണമാണ് സ്‌ഫോടനത്തിന് കാരണമെന്ന് പലസ്‌തീൻ അറിയിച്ചെങ്കിലും ആരോപണം തള്ളി ഇസ്രയേൽ രംഗത്ത് വന്നു. ഹമാസ് നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ഇത്രയും വലിയ നാശനഷ്‌ടത്തിലേക്ക് നയിച്ചതെന്നാണ് ഇസ്രയേലിന്റെ മറുപടി.