മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി. ദില്ലി സാകേത് കോടതിയാണ് വിധി പറഞ്ഞത്. രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കൊലപാതകത്തിൽ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. വിധി കേൾക്കാൻ സൗമ്യയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു.ഒക്ടോബര്‍ 26 മുതലായിരിക്കും ഇതുസംബന്ധിച്ച കോടതി നടപടികള്‍ ആരംഭിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും
2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവർച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്. കേസിൽ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്. 2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് 2008-ല്‍ സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയതും തങ്ങളാണെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്.