മണിപ്പുരിൽ രണ്ട് ആദിവാസി സ്‌ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റ് രേഖപ്പെടുത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കാങ്‌പോക്‌പി ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്. 2023 മേയ് നാലിന് മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലെ 900-1000 പേരടങ്ങുന്ന ഒരു സംഘം അത്യാധുനിക ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തിൽ കടന്നുകയറി വീടുകൾ കത്തിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ഗ്രാമവാസികളെ ആക്രമിക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് ആരോപണം മെയ് മാസം നടന്ന സംഭവത്തിന്റെ വീഡിയോ ജൂലൈയോടെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ രാജ്യവ്യാപകമായി വൻപ്രതിഷേധം ഉടലെടുത്തു. ഇതോടെയാണ് സുപ്രീം കോടതി സിബിഐക്ക് കേസ് കൈമാറിയത്.
അതേസമയം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവം 140 കോടി ഇന്ത്യക്കാരെ നാണം കെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം. ” വേദനയുണ്ട്, സംഭവം ഏതൊരു സമൂഹത്തിനും ലജ്ജാകരമാണ്.” ബലാത്സംഗം ചെയ്തവരെ വെറുതെ വിടില്ലെന്നും സ്ത്രീകളെ സംരക്ഷിക്കാൻ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഉയർന്ന് വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഞാൻ രാജ്യത്തിന് ഉറപ്പുനൽകുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കും. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല,”- മോദി കൂട്ടിച്ചേർത്തു.