തെക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്. മഴ തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയത്. അതേസമയം തിരുവനന്തപുരത്ത് രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്. കൊച്ചിയില്‍ മഴയെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കലൂര്‍, എംജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാനും ജില്ലാ കളക്ടർ നിർദേശിച്ചു. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തെക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതുമാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാക്കിയത്. ഒക്ടോബര്‍ 18 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.