ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍ സജീവ്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഒന്നാം പ്രതിയായ അഖിൽ സജീവ് തട്ടിപ്പിലെ തന്റെ പങ്ക് വെളിപ്പെടുത്തിയത്. കേസിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ കസ്റ്റഡിയിൽ വാങ്ങിയ അഖിൽ സജീവിനെയും കേസിലെ നാലാം പ്രതി ബാസിതിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
കേസിലെ ഒന്നാം പ്രതിയാണ് അഖില്‍ സജീവ്. നേരത്തെ നാലാം പ്രതി ബാസിതും കുറ്റം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു. ഇതിനിടെ കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇയാളെ നിലവിൽ പ്രതിയാക്കേണ്ടെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അന്തിമ തീരുമാനമെടുക്കാമെന്നും കന്റോണ്‍മെന്റ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.
അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിത് മൊഴി നൽകിയിരുന്നു. ഹരിദാസനില്‍ നിന്ന് മറ്റ് പ്രതികള്‍ പണം തട്ടിയെടുത്തതിനാൽ സാക്ഷിയാക്കി അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച റഹീസിന്റെ കസ്റ്റഡി കലാവധി ഇന്നലെ അവസാനിച്ചു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധിത നിയമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നത് പ്രായോഗികമല്ലെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് പൊലീസിന് കിട്ടിയ നിയമോപദേശം. എഐഎസ്എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്. ഹരിദാസില്‍ നിന്ന് ബാസിത് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിനെതിരെ പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലെനിന്‍ രാജേന്ദ്രനും അഖില്‍ സജീവനും പണം നല്‍കാന്‍ ഹരിദാസനോട് ആവശ്യപ്പെട്ടതും ബാസിതാണ്.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് അഖില്‍ ആദ്യം മൊഴി നൽകിയത്. കേസിൽ യാതൊരു പങ്കുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നുമായിരുന്നു പിടിയിലായ ഘട്ടത്തിൽ അഖിൽ പറഞ്ഞത്.