സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്നെ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണ് ചുമതലയേറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചത്.
സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സ്ഥാനം ഏറ്റെടുക്കാന്‍ സുരേഷ് ഗോപി വിമുഖത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ബിജെപി ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. നിയമനം നടത്തും മുൻപ് അറിയിക്കാത്തതിൽ അതൃപ്തിയുള്ളതിനാൽ ഉടൻ ചുമതലയേൽക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ചുമതലയേൽക്കുമെന്ന് അറിയിച്ച് സുരേഷ് ഗോപി തന്നെ രംഗത്തെത്തിയത്.