സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ഇടത്തരം ഇടിമിന്നലോടെയുള്ള മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് 27-09-2023 (നാളെ) രാത്രി 11.30 വരെ 0.4 മുതല്‍ 0.5 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.8 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു..
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.